ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ചരിത്രം
സാമൂഹ്യസാംസ്കാരികചരിത്രം
ഭൂമിയുടെ ഉടമസ്ഥത ഒന്നാ രണ്ടോ ജന്മി കുടുംബങ്ങളില്‍ നിക്ഷിപ്തമായിരുന്നു. ചെറുവശ്ശേരി ദേവസ്വം, മാവുണ്ടിരി ദേവസ്വം, നെല്ലായ വാരിയം, പൊരുത മന, അരുണ്ടിക്കളം, പൂറോമന, കാഞ്ഞിരങ്ങാട്ടു വാരിയം, സാമൂതിരി കോവിലകം, കീഴേപ്പാട്ട് മേനവന്മാര്‍ തുടങ്ങിയ ജന്മിമാരായിരുന്നു ഇവിടുത്തെ ഭൂമി മുഴുവന്‍ കൈയ്യടക്കിവച്ചിരുന്നത്. ഈ ജന്മിമാരില് നിന്ന് കാണകുടിയന്മാരിലേക്ക് കൈമാറിവന്നതാണ് പഞ്ചായത്തിലെ ഭൂരിഭാഗം ഭൂമിയും. നെല്ലായ ഗ്രാമത്തില്‍, ഈ പ്രദേശത്തിന്റെ പേരിനെ അന്വര്‍ത്ഥമാക്കുന്ന തരത്തില്‍ പ്രധാനകൃഷിയും നെല്ലാണ്. ജന്മിമാരുടേയും ദേവസ്വങ്ങളുടേയും കീഴില്‍ പാട്ടകുടിയാന്മാരും, കാണക്കുടിയാന്മാരും കൃഷിഭൂമിയില്‍ നെല്ല് ഉല്‍പ്പാദിപ്പിച്ചിരുന്നു. ഭുരിഭാഗം ഭൂമിയും നെല്‍കൃഷിക്കു വേണ്ടിയാണ് ഉപയോഗിച്ചിരുന്നത്. മഴയെ മാത്രം ആശ്രയിച്ചുകൊണ്ടുള്ള പരമ്പരാഗത കൃഷിരീതിയായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. മുന്‍കാലങ്ങളില്‍ വെട്ടേരി, ജീരകചെമ്പാന്, തവളക്കണ്ണന്‍, കറുത്തവട്ടന്, മോടന്‍, നവര, ആര്യന്, ചെന്നല്ല്, കഴമ, ചെങ്കഴമ എന്നിവ ഒന്നാം വിളയായും ചിറ്റേനി, വൃശ്ചിക, പണ്ടി, ബീവി, വെള്ളരിയന്‍ തുടങ്ങിയവ രണ്ടാം വിളയായും(മുണ്ടകന്‍), തെക്കന്‍ ചീരയും നവരയും മൂന്നാംവിള(പുഞ്ച)യായും കൃഷിചെയ്തിരുന്നു. ഒന്നും രണ്ടും വിളകള്‍ ഒന്നിച്ചിറക്കിക്കൊണ്ടുള്ള കുട്ടുമുണ്ടകന്‍ കൃഷിയും ഇവിടെ വ്യാപകമായിരുന്നു. പള്ള്യാല്‍, പറമ്പ് തുടങ്ങിയ നീര്വ്വാഴ്ച കൂടിയ പ്രദേശത്ത് ചേന, ഇഞ്ചി, മരച്ചീനി, ചേമ്പ്, കാവത്ത്, കൂര്‍ക്ക, ചക്കര കിഴങ്ങ്, പച്ചക്കറി എന്നിവയും കൃഷി ചെയ്തിരുന്നു. പയര്‍, എള്ള്, പച്ചക്കറികള്‍, ചേന, ചേമ്പ്, ഇഞ്ചി, മരച്ചീനി, കുരുമുളക്, മഞ്ഞള്‍, ഉഴുന്ന്, മുതിര, ചക്കരക്കിഴങ്ങ്, മധുരക്കിഴങ്ങ്, കൂര്‍ക്ക, കാവുത്ത്, തൊപ്പിക്കിഴങ്ങ്, മാങ്ങിഞ്ചി, കൂവക്കിഴങ്ങ്, പച്ചമുളക് എന്നിവ ഈ പ്രദേശത്ത് ധാരാളമായി കൃഷിചെയ്തിരുന്നു. കുളപ്പിട, മാരായമംഗലം, പൊന്പിലായ, ഇരുമ്പാലശ്ശേരി എന്നിവിടങ്ങളില്‍ വന്‍തോതില്‍ വാഴ കൃഷി ചെയ്തിരുന്നു. ഭൂപരിഷ്കരണത്തെതുടര്‍ന്ന് കൃഷിഭൂമിയില്‍ ഉടമസ്ഥാവകാശം ലഭിച്ചതോടെ കൃഷിക്കാര്‍ ദീര്‍ഘകാല വിളയായ തെങ്ങുകൃഷിയില്‍ താല്പര്യം കാണിച്ചുതുടങ്ങി. നെല്ലായ ഗ്രാമപഞ്ചായത്തില്‍ 40 ഹെക്ടര്‍ സ്ഥലത്ത് റബ്ബര്‍ കൃഷി ചെയ്യുന്നുണ്ട്. കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ കൃഷിക്കാരെ സംയോജിപ്പിച്ചുകൊണ്ട്, സംയോജിതകൃഷിസമ്പ്രദായം നടപ്പിലാക്കുന്നതിനുവേണ്ടി തുടങ്ങിയ സംരംഭമാണ് ഗ്രൂപ്പ്ഫാമിംഗ്. നെല്ലായ പഞ്ചായത്തിലെ 11 വാര്‍ഡുകളുടെ സഹകരണത്തോടെ തിരഞ്ഞെടുത്ത ഒരു കേരകര്‍ഷക വികസന സമിതി ഇവിടെ പ്രവര്‍ത്തിച്ചിരുന്നു. പഞ്ചായത്തിലെ മുഴുവന്‍ കൃഷിക്കാരും മഴയെ ആശ്രയിച്ചാണ് കൃഷി ചെയ്യുന്നത്. പഞ്ചായത്തിലെ ജലാശയങ്ങളില്‍ ഏറ്റവും പ്രധാനം 1959-ല്‍ നിര്‍മ്മിച്ച നെല്ലായ ചിറയാണ്. കടുത്ത വേനലില്‍ പോലും വറ്റാത്ത 10 നീരുറവകളും പ്രധാന ജല സ്രോതസ്സുകളാണ്. കൊയ്ത്തുപാട്ടിന്റേയും, ഞാറ്റുപാട്ടിന്റെയും ഈരടികള്‍ ഈണത്തില്‍ പാടി, വരിവരിയായി കറ്റകളും ചുമന്നുനീങ്ങുന്ന കൃഷിക്കാരെ കാണാവുന്ന ഒരു ഉള്നാടന്ഗ്രാമമായിരുന്നു നെല്ലായ. മലയാളത്തിലെ ലക്ഷണമൊത്ത ആദ്യത്തെ നോവലായ കുന്ദലതയുടെ കര്‍ത്താവായ അപ്പു നെടങ്ങാടി ഈ നാട്ടുകാരനായിരുന്നു. ലളിതകലകളുടെ ഉപാസകരായ, കുറെ കലാകാരന്മാര്ക്ക് ജന്മം നല്കിയ ഗ്രാമങ്ങളിലൊന്നാണിത്. ആദ്യമായി കരിപ്പുരില്‍ വിമാനമിറങ്ങിയ യാത്രക്കാരന് നെല്ലായക്കാരനായ രാമചന്ദ്രനാണ്. സംസ്കൃതത്തില്‍ റാങ്ക് നേടിയ മുസ്ളീം വനിത പ്രൊഫ.ഖദീജ ഈ നാട്ടുകാരിയാണ്. കുരിയാട്ടില് സിതാര, ചന്ദ്രവതി, സുപ്രസിദ്ധ കാഥികന് മുഹമ്മദ് ബാബു, സോപാന സംഗീതത്തില്‍ സമാദരണീയനായ ജനാര്ദ്ദനന് നെടുങ്ങാടി, മലയാള കവികളില്‍ പ്രഗല്ഭനായ രവീന്ദ്രന് പൂലാക്കാട്, നോവല്‍ രചയിതാവ് ഉണ്ണികൃഷ്ണന് എഴുവന്തല, തുടങ്ങിയവര്‍ ഈ ഗ്രാമത്തിന്റെ യശസ്സ് ലോകമെങ്ങുമെത്തിച്ചവരാണ്. സ്വാതന്ത്ര്യസമര പ്രസ്ഥാനങ്ങളില്‍ മുന്നണിപ്പോരാളികളായിരുന്ന നിരവധി പേര് ഇവിടുത്തുകാരായുണ്ട്. ഉപ്പുസത്യാഗ്രഹം, ക്ഷേത്രപ്രവേശനസമരം, ഖാദിപ്രസ്ഥാനം, വിദേശവസ്ത്രബഹിഷ്കരണം, നിസ്സഹകരണപ്രസ്ഥാനം എന്നീ സമരങ്ങളിലും ഇവരുടെ സജീവ പങ്കാളിത്തം സ്മരണീയമാണ്. 1930-ലെ ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്ത് ജയില്‍വാസം അനുഭവിക്കുകയും പില്ക്കാലത്ത് മദ്യവിരുദ്ധസമരത്തിലും ഖാദിപ്രചാരണരംഗത്തും സജീവമായി പങ്കുകൊള്ളുകയും ചെയ്ത എ.ആര്.തിരുമുല്‍പ്പാട്, ക്ഷേത്രപ്രവേശനസമരത്തിലുണ്ടായിരുന്ന കുണ്ടില്‍ കൃഷ്ണന് വൈദ്യര്, നെല്ലായ വാരിയത്ത് കൃഷ്ണന്‍കുട്ടി വാരിയര്‍, ഖിലാഫത്ത് സമരത്തില്‍ പങ്കെടുത്ത കിഴക്കം പറമ്പില്‍ കുഞ്ഞാലിമൊല്ല, അവുഞ്ഞിക്കാട്ടില് മൊല്ലാന്മാരു വീട്ടില്‍ അലവി മുസ്ള്യാര്, കുന്നംപാറ കുഞ്ഞിമൊയ്തീന്‍ ഹാജി, നാലകത്ത് മൊയ്തീന്, ഇളവന്‍ പറമ്പില്‍ ദ്രാവുകുട്ടി, വാഗണ്‍ ട്രാജഡിയില്‍ മരണപ്പെട്ട മുതുകുറുശ്ശി അയമു തുടങ്ങിയവര്‍ ദേശീയ സ്വാതന്ത്ര്യപ്പോരാട്ടത്തിന്റെ ചരിത്രത്തില്‍ നെല്ലായഗ്രാമത്തിന് സ്ഥാനം നേടിക്കൊടുത്തവരാണ്. കലാ-കായിക-സാഹിത്യ-വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയ അനേകം വ്യക്തികള്‍ ഈ ഗ്രാമത്തിലുണ്ടായിരുന്നു. മഞ്ഞപ്പറ്റ രാമന്‍കുട്ടി നായര്‍, കുഞ്ഞേരി കുഞ്ഞുമുഹമ്മദ് ഹാജി, നെല്ലായ വായനശാല സ്ഥാപക നേതാക്കളായ മുകുന്ദന് മാസ്റ്റര്‍, കുഞ്ഞിരാമന് നായര്‍ എന്നിവരുടെ പേരുകള്‍ എടുത്തുപറയേണ്ടതാണ്. മാരായമംഗലം, എഴുവന്തല എന്നിവിടങ്ങളില്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന വായനശാലകളുണ്ട്. ഇവയോടനുബന്ധിച്ച് കലാ-സാംസ്കാരിക ക്ളബ്ബുകളും സജീവമാണ്. നാനാജാതിമതസ്ഥര് തികഞ്ഞ സൌഹാര്‍ദ്ദത്തോടെ നിവസിക്കുന്ന ഈ ഗ്രാമം ഉയര്‍ന്ന സാംസ്ക്കാരിക നിലവാരം പുലര്‍ത്തുന്നു. വള്ളുവനാടന്‍ ഗ്രാമഭംഗി നിറഞ്ഞുനില്ക്കുന്ന നെല്ലായയിലാണ് മലയാളഭാഷയിലെ ലക്ഷണമൊത്ത ആദ്യ നോവലായ കുന്ദലതയുടെ കര്‍ത്താവായ അപ്പു നെടുങ്ങാടി ജനിച്ചത്. ജന്മിത്തത്തിന്റെ കരാളഹസ്തങ്ങളില്പെട്ടുഴലുമ്പോഴും ഉത്സവങ്ങളും ലളിതകലകളും വള്ളുവനാടന്‍ സംസ്കാരത്തിന്റെ തനിമയോടുകൂടി ഇവിടെ നിലനിന്നിരുന്നു. ഈ പഞ്ചായത്തില്‍ അമ്പലങ്ങളും പള്ളികളും ധാരാളമായുണ്ട്. ഇരുമ്പാലശ്ശേരി ശിവക്ഷേത്രം, മാരായമംഗലം ശിവക്ഷേത്രം, മാവുണ്ടിരി ഭഗവതിക്ഷേത്രം, എഴുവന്തല ക്ഷേത്രം, പൊന്മുഖം ക്ഷേത്രം, കുളപ്പടക്ഷേത്രം തുടങ്ങിയവ പ്രധാനക്ഷേത്രങ്ങളാണ്. കുലുക്കല്ലൂരിലെ മുളയംകാവ് ക്ഷേത്രത്തിലേയും ചെര്‍പ്പുളശ്ശേരി തൂത ക്ഷേത്രങ്ങളിലേയും കാര്ഷികോത്സവങ്ങളായ കാളവേലകളും ഈ പഞ്ചായത്തിന്റെ സാംസ്കാരികസവിശേഷത വിളിച്ചോതുന്നവയാണ്. പഞ്ചായത്തിലെ ഏറ്റവും പഴക്കമുള്ള മുസ്ളിംദേവാലയമാണ് മോളൂര്‍ പള്ളി. മാരായമംഗലം പള്ളി, ഇരുമ്പാലശ്ശേരി പളളി, പൊട്ടച്ചിറ പള്ളി, ചെനമ്മം കുഴിപ്പള്ളി, നെല്ലായ പള്ളി എന്നിവയടക്കം പതിനാറു പള്ളികളും ഈ പഞ്ചായത്തിലുണ്ട്. അനാഥസംരക്ഷണത്തിനുളള രണ്ട് അഗതിമന്ദിരങ്ങള്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. വീരാന്‍ ഔലിയ പറപ്പുര് കുഞ്ഞീന്‍ മുസ്ള്യാര്, പൊട്ടച്ചിറ ഫാത്തിമ ബീയി, മോളൂര്‍ അബ്ദുറഹിമാന് മുസ്ള്യാര്, കാവുങ്ങല്‍ കുട്ടന്മാസ്റ്റര്, കാഞ്ഞിരങ്ങാട്ട് വാരിയത്ത് ശേഖരനുണ്ണി വാരിയര്‍, പുലക്കാട്ടു കുഞ്ഞിക്കുട്ടനെഴുത്തച്ഛന്, മേലേതില്‍ ആചാര്യത്ത് എം.പി.രാമന് നായര്‍, ഇരുമ്പാലശ്ശേരി മേലേതില്‍ മൊയ്തീന്‍കുട്ടി വൈദ്യര്, എടമനതൊടി ഗോപാലന് നായര്‍ എന്നിവര്‍ നെല്ലായ ഗ്രാമപഞ്ചായത്തിന്റെ ചരിത്രതാളുകളില്‍ ഇടംനേടിയവരാണ്.